നെഞ്ചിനുള്ളിലെ കൊടുങ്കാറ്റിനെ കുറിച്ചോ, കുഴിച്ചു മൂടിയ സ്വപ്നങ്ങളെക്കുറിച്ചോ, പൊളിച്ചെഴുതിയ നിമിഷങ്ങളെക്കുറിച്ചോ, ഇന്നും ജീവനോടെ പിടിച്ചു നിർത്തുന്ന പ്രത്യാശകളെക്കുറിച്ചോ ഒന്നും ഞാനിവിടെ പറയില്ല. മണ്ടത്തരം മാത്രം. നിങ്ങൾ ക്ഷമിക്കണം.
ഭൂമിയിലെ എല്ലാ മനുഷ്യരും ഒരേസമയം മുകളിലേക്ക് നോക്കിയാൽ ഓരോരുത്തരും വ്യത്യസ്ത ദിശകളിലേക്കായിരിക്കും നോക്കുന്നത്. മനുഷ്യർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്ഥാനം തന്നെ ഇതായിരിക്കാം.
മനുഷ്യൻ ജനിക്കുന്നതിന് മുമ്പും ലോകം ഉണ്ടായിരുന്നു. മരിച്ചതിനുശേഷവും ഉണ്ടാകുമെന്നാണ് കരുതുന്നത്. വ്യക്തികളെ ആശ്രയിക്കാത്ത ഒരു സംവിധാനമാണിതെങ്കിൽ മനുഷ്യൻ ഇവിടെ ജനിച്ച് വളർന്ന് കറന്റ് ബില്ലും വാട്ടർ ബില്ലും അടയ്ക്കേണ്ടിവരുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല.
പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ഈ സാഹചര്യത്തിൽ നമ്മളെയെല്ലാം സ്കൂളിൽ പറഞ്ഞുവിട്ട് തല്ല് മേടിപ്പിച്ചതും, പരീക്ഷകളിൽ തോൽപ്പിച്ചതും, ജോലിക്ക് പോകാൻ നിർബന്ധിച്ചതും, ഹോം ലോൺ എടുപ്പിച്ചതും, ആദായ നികുതി അടപ്പിച്ചതുമെല്ലാം പ്രപഞ്ചത്തിൻ്റെ ഒരുതരം അനീതിയാണ്.
കണ്ണോട് കാൺമ്പതെല്ലാം തലൈവയിലെ തഗഡ് തഗഡ് തഗഡ് ജിം തഗഡ് തഗഡ് തഗഡ് ജിം കേട്ടുകൊണ്ടിരുന്നപ്പോളാണ് കഴിഞ്ഞ ജനുവരിയിലെടുത്ത ജിം മെമ്പർഷിപ്പിനെക്കുറിച്ച് ഓർമ്മ വന്നത്. ഇന്നുവരെ പോയിട്ടില്ല. ചില ബന്ധങ്ങളുടെ സൗന്ദര്യം തന്നെ അകലം പാലിക്കുന്നതിലാണ്. #സൈ
ഒരു മനുഷ്യന് ഒരേസമയം രണ്ട് സ്ഥലങ്ങളിൽ നിൽക്കാൻ കഴിയില്ലെന്നും എന്നാൽ രണ്ട് സ്ഥലങ്ങളിലും നിൽക്കാതിരിക്കാൻ കഴിയും എന്ന നിഷ്പക്ഷതയുടെ മഹാസിദ്ധാന്തങ്ങൾ ഞാൻ ലാലേട്ടനിൽ നിന്നുമാണ് പഠിച്ചിട്ടുള്ളത്.
പ്രപഞ്ചത്തിൽ എവിടെയെങ്കിലും നമ്മളെപ്പോലെയുള്ള മനുഷ്യരുണ്ടെങ്കിൽ അവർക്കും പ്രപഞ്ചത്തിൽ എവിടെയെങ്കിലും നമ്മളെപ്പോലെയുള്ള മനുഷ്യരുണ്ടോ എന്ന സംശയമുണ്ടാവില്ലേ?
രാമായണം ശ്രീലങ്കൻ വേർഷനിൽ രാവണൻ യുദ്ധം ജയിക്കും, രാമനെ വെറുതേ വിടും, സീത ലങ്കയിൽ സ്ഥിരതാമസമാക്കും, ഹനുമാൻ മാപ്പ് പറയും, വിഭീഷണനെ രാജ്യവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കും.
ഭൂമി സ്വന്തം അച്ചുതണ്ടിൽ കറങ്ങുകയും സൂര്യനെ ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്രയും യാത്ര ചെയ്തിട്ടും ഭൂമി എവിടെയും എത്തുന്നില്ല. നമുക്കിതിനെ ലക്ഷ്യബോധമില്ലാത്ത ഒരു സഞ്ചാരത്തിന്റെ ഉദാഹരണമായി വേണം കണക്കാക്കാൻ.
ഇന്നലെ രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഇന്ത്യയിൽ രാത്രിയായിരുന്നു. രാവിലെ എഴുന്നേറ്റപ്പോൾ പകലും. ഈ മാറ്റത്തിന് പിന്നിൽ ആരാണെന്നോ എന്താണ് കാരണമെന്നോ ഇതുവരെ ഔദ്യോഗിക വിശദീകരണമൊന്നും ലഭിച്ചിട്ടില്ല.
രാവണനും ജഡായുവും തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുമ്പോൾ പുഷ്പക വിമാനത്തിൽ നിന്നും ഒരു പാരച്യൂട്ടുമിട്ട് താഴോട്ട് ചാടിയിരുന്നെങ്കിൽ ഈ യുദ്ധം തന്നെ ഒഴിവായേനെ.. സീതയുടെ സമയോചിതമായ ബുദ്ധിയില്ലായ്മയാണ് പിന്നീടുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം എന്നേ ഞാൻ പറയൂ.
ഇതിന്ന് ഡിസ്കസ് ചെയ്തപ്പോ വീട്ടിലെ ഫെമിനിസ്റ്റുകള് ചൂടായി. ഒരു ചരിത്രപരമായ പിഴവ് ചൂണ്ടിക്കാണിക്കാനുള്ള അഭിപ്രായസ്വാതന്ത്ര്യം പോലും ഈ നാട്ടിലെ ആണുങ്ങൾക്കില്ല എന്നെനിക്ക് മനസ്സിലായി. I'm the immediately quit of the subject.